Sunday, June 7, 2020

thumbnail

സത്യത്തിലേക്ക് എന്റെ ജീവിതയാത്ര - പുസ്തക നിരൂപണം

സത്യം എന്ന വാക്കിനെ നമ്മൾ ശരിയുടെ കൂടെ കൂട്ടിക്കെട്ടാറുണ്ട് .. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവനു അവന്റേതായ ശരികൾ കാണും.. ആ ശരികൾ ചിലപ്പോൾ മറ്റു ചിലർക്ക് തെറ്റുകളാവാം അല്ലെങ്കിൽ ശരിയെന്നും തെറ്റെന്നും വിളിക്കാൻ പറ്റാത്ത ഒരു സന്തുലിതാവസ്ഥയാവാം.. അസ്മ നസ്റീൻ തേടുന്നതും അങ്ങനെയൊരു ശരിയെയാണ്.. ആ യാത്രയിൽ അവർ നേരിടേണ്ടി വരുന്ന കാര്യങ്ങളെ വളരെ ലളിതമായ ഭാഷയിൽ കുറിച്ചിടുകയാണ് 'സത്യത്തിലേക്ക് എന്റെ ജീവിതയാത്ര' എന്ന പുസ്തകത്തിൽ.. ബുക്മാർട്ടാണ് ഇതിന്റെ പ്രസാദകർ..

അസ്‌മ നസ്രീന്റെ ആത്മകഥയാണ് സത്യത്തിലേക്ക് എന്റെ ജീവിതയാത്ര. കുട്ടിക്കാലം മുതൽക്കുള്ള അവരുടെ ജീവിതമാണ് ഇവിടെ വരച്ചിടുന്നത്..


പുസ്തകം ആരംഭിക്കുന്നത് അസ്മയുടെ കുട്ടിക്കാലം മുതൽക്കാണ്.. അന്നവൾ അസ്മയല്ല.. നിഷ.. അതായിരുന്നു അവളുടെ പേര്.. അച്ചനെ നഷ്ടപ്പെട്ട നിഷക്ക് അമ്മയായിരുന്നു എല്ലാം.. അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരി കൂടിയായിരുന്നു അമ്മ.. ഒരു യാഥാസ്ഥിതിക ഹിന്ദു കുടുംബത്തിൽ പിറന്ന നിഷ ചെറുപ്പം തൊട്ടു തന്നെ ഹിന്ദു മത വിശ്വാസത്തിന്റെ അടിത്തറയെ സംശയത്തോടെയാണ് നോക്കി കാണുന്നത്.. അതിനവളുടേതായ ഒരു ന്യായവും പറയുന്നുണ്ട്.. അങ്ങനെ ഹിന്ദുവെന്ന ലേബലിൽ നിന്ന് നിഷ ആദ്യം സഞ്ചരിച്ചത് ക്രിസ്തുവിന്റെ പാതയിലേക്കാണ്.. അവിടം അവൾക്ക് തൃപ്തികരമായിരുന്നു.. പക്ഷെ അതും നീണ്ടു നിന്നില്ല.. പിന്നെ വളരെ യാദൃശ്ചികമായാണ് അവൾ ഇസ്ലാമിനെ അറിയുന്നത്.. എന്നാൽ ആ അറിവിനെ അവൾ മനസ്സാവരിക്കുകയായിരുന്നു..

ഇസ്ലാമും മുസ്ലിമും എന്നു കേൾക്കുമ്പോൾ വിരളി പൂണ്ടു നടക്കുന്ന കുറെ ജന്മങ്ങളുണ്ട്.. പുസ്തകത്തിലും അത്തരം ആളുകളെ വീക്ഷിക്കാവുന്നതാണ്.. നിഷ ക്രിസ്തീയം പഠിക്കാൻ പോവുന്നതിനെ ആരും എതിർത്തിരുന്നില്ല... എന്നാൽ ഇസ്ലാം പഠിക്കാൻ തുടങ്ങിയപ്പോഴേക്കും ആളുകളുടെ ഭാവം മാറിത്തുടങ്ങി.. ഇതിനു വേറൊരു കാരണം കൂടിയുണ്ട്.. ക്രിസ്തീയത വിശ്വാസം മാത്രം ആയി ഒതുങ്ങുമ്പോൾ ഇസ്ലാം എന്നത് ജീവിതമാണ്.. പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കുക എന്നാണ് ഇസ്ലാം നിഷ്കർഷിക്കുന്നത് എന്നതും ഇസ്ലാമിനോടുള്ള എതിർപ്പ് കൂട്ടാൻ കാരണമാകുന്നു..

Photo of Azma Nasreen after embracing Islam


ഒരു ലക്ഷ്യം മനസ്സിലുണ്ടെങ്കിൽ അതിനെ പുല്കാൻ വേണ്ടി എന്തും സഹിക്കാൻ തയ്യാറാവുന്നവരേ വിജയം രുചിച്ചിട്ടുള്ളു.. നമ്മുടെ എഴുത്തുകാരിയും ആ ഗണത്തിൽ പെടുത്താവുന്ന ആളാണ്.. അവർ എടുത്തെറിയപ്പെട്ട ജീവിത സാഹചര്യങ്ങൾ അനുഭവിച്ച പ്രയാസങ്ങൾ ഒന്നും തന്നെ അവരെ തന്റെ സത്യപാതയിൽ നിന്ന് പിന്തിരിപ്പിക്കുന്നില്ല.. ഈ പെണ്ണ് ഇതെന്തിനാണിങ്ങനെ കഷ്ടപ്പെടുന്നത് എന്ന് വായനക്കാരെ കൊണ്ട് ചോദിപ്പിക്കുന്ന നിരവധി സന്ദർഭങ്ങൾ പുസ്തകത്തിൽ കാണാം..

താൻ വായിച്ചറിഞ്ഞ ഇസ്ലാമിനെ അസ്മ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു.. അതു കൊണ്ട് തന്നെയാവണം അവർ കാണുന്ന ഇസ്ലാം മതവിശ്വാസികളെ കണ്ണടച്ച് വിശ്വസിച്ചതും.. 'Islam is perfect, but Muslims aren't' എന്ന പ്ലക്കാർഡ് പിടിച്ചു നടക്കുന്നവരാണ് ഭൂരിപക്ഷം പേരും എന്നതു മനസ്സിലാക്കാൻ അസ്മ വൈകിപ്പോയിരുന്നു.. പക്ഷെ 'Better late than never' എന്നാണല്ലോ പറയാറ്.. അതിനാൽ അസ്മക്ക് സന്തോഷിക്കാം..

ഇസ്ലാമിലെ സംഘടനകൾ തമ്മിലുള്ള ചേരിപോരിന്റെ ചെറിയ ഒരു വശം പ്രദിപാധിക്കുന്ന അവസാനത്തെ അദ്ധ്യായമാണ് പുസ്തകത്തിൽ എനിക്ക് പ്രിയപ്പെട്ടത്.. ഇസ്ലാമിലേക്ക് ഒരു പുതിയ ആൾ കടന്നു വരുമ്പോൾ ഉണ്ടാകുന്ന ആരവങ്ങളൊന്നും പിന്നീട് കാണുകയില്ല.. തങ്ങളുടെ കൂട്ടത്തിൽ ആളുകൾ വരുന്നു എന്നു വീമ്പു പറയുന്നവർ അവരുടെ ഇനിയുള്ള ജീവിതത്തിനു സഹായകരമായി എന്ത് ചെയ്യാൻ കഴിയുമെന്ന് സ്വന്തം ജീവിതാനുഭവത്തിന്റെ വെളിച്ചത്തിൽ ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുക കുടി ചെയ്യുന്നു അസ്മ..

MM Akbar reviews Azma Nasreen's autobiography Sathyatthilekku Ente Jeevithayathra


തനിക്കിഷ്ടപ്പെട്ട മതത്തിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഒരു ഇന്ത്യൻ പൗരന്റെ മൗലികാവകാശങ്ങളിൽ പെട്ടതാണ്.. പക്ഷെ പ്രാബല്യത്തിൽ കൊണ്ടുവരാൻ ഏറ്റവും ദുഷ്കരമായതും അതു തന്നെ പ്രത്യേകിച്ച് വർഗ്ഗീയത എറ്റവും ഉച്ചസ്ഥായിൽ നില്കുന്ന ഇന്നത്തെ സാഹചര്യത്തിൽ.. അസ്മ അനുഭവിക്കുന്ന പ്രയാസങ്ങളെല്ലാം മതം മാറ്റം കൊണ്ട് മാത്രമാണെന്നു പറയാൻ പറ്റില്ല.. അബദ്ധജടലമായ ഒരുപാട് തീരുമാനങ്ങളും അതിനു പിന്നിലുണ്ട് എന്നവർ തന്നെ സമ്മതിക്കുകയും ചെയ്യുന്നു..

എഴുത്തുകാരി തന്നെ പ്രധാന കഥാപാത്രം ആവുന്നത് കൊണ്ട് അവരിലൂടെ തന്നെയാണ് കഥ അവതരിപ്പിക്കപ്പെടുന്നത്.. അതായത് ഒരൊറ്റ ആംഗളിലിൽ നിന്ന് മാത്രമുള്ള വീക്ഷണമാണ് പുസ്തകത്തിൽ കാണാവുന്നത്.. സ്വാഭാവികമായും മറ്റുള്ളവർ എങ്ങനെ ചിന്തിക്കുന്നുവെന്നത് വെറും അനുമാനങ്ങളാണിവിടെ.. ആമുഖത്തിൽ പറഞ്ഞതു പോലെ എഴുത്തുകാരിയുടെ ശരിക്കാണ് ഇവിടെ പ്രസക്തി.. അങ്ങനെ നോക്കുമ്പോൾ ഒത്തിരി പ്രയാസം അനുഭവിച്ചിട്ടാണെങ്കിൽ കൂടി അവർ വിജയം രുചിച്ചു എന്നുള്ളത് സന്തോഷകരമായ ഒരു പര്യവസാനമായി കണക്കാക്കാം...

Subscribe by Email

No Comments