Saturday, May 23, 2020

thumbnail

ശാന്തിതീരം - ചെറുകഥ


ഉറക്കം ഉണർന്ന നിയാസ് പതിവു പോലെ കിടന്ന കിടപ്പിൽ തന്നെ തന്റെ മൊബൈലിനു വേണ്ടി കൈ നീട്ടി. താൻ ഇന്നലെ എഫ് ബി യിൽ ചെയ്ത പോസ്റ്റിന് എത്ര ലൈക്ക് കിട്ടി എന്നതായിരുന്നു നിയാസിന് അറിയാനുണ്ടായിരുന്നത്. വിചാരിച്ച പോലെ അത്യാവശ്യം ലൈക്ക് ഉണ്ടെന്ന് കണ്ടപ്പോൾ നിയാസിന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. അവൻ സന്തോഷത്തോടെ എഴുനേറ്റു.
എം. കോം ഒന്നാം വർഷ വിദ്യാർത്ഥിയായ നിയാസിന്റെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു സോഷ്യൽ മീഡിയ. താൻ പ്രതീക്ഷിച്ച പോലെ പ്രതികരണം ലഭിച്ചില്ലെങ്കിൽ അവൻ എഴുന്നേല്ക്കുന്നത് ദേഷ്യത്തോടെയാവും. അന്നത്തെ ദിവസം അവൻ ആ ദേഷ്യം കാണുന്നവരുടെ അടുത്തൊക്കെ പ്രകടിപ്പിക്കും. കോളേജിൽ പോവാൻ ഒരുങ്ങുന്ന നിയാസിനോട് ഉമ്മ 
മോനേ വരുമ്പോ കുറച്ച് സാധനം വാങ്ങിക്കാൻ പറ്റോ ??
ലിസ്റ്റ് എവിടെ, ഉമ്മ
എന്നും ചാടിക്കടിക്കാൻ വരുമായിരുന്ന നിയാസിന്റെ മറുപടി ഉമ്മാക്ക് ആശ്ചര്യവും അതിലുപരി സന്തോഷവുമായി.
ലിസ്റ്റ് വാങ്ങി ബൈക്കുമെടുത്ത് നിയാസ് ഇറങ്ങി. ഇന്നെന്താവണം എഫ് ബി യിൽ കുത്തിക്കുറിക്കേണ്ടത് എന്നതായിരുന്നു അവന്റെ ചിന്ത. കോളേജ് കഴിഞ്ഞ് ഉമ്മ പറഞ്ഞ സാധനങ്ങളും വാങ്ങി മടങ്ങവെ റോഡിൽ നടന്ന ഒരു അപകടത്തിനു നിയാസ് സാക്ഷിയാവുന്നു. ഒരു സ്ത്രീയെ ടിപ്പർ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.



രക്തത്തിൽ കുളിച്ച് കിടക്കുന്ന ആ സ്ത്രീ സഹായിക്കാനാരുമില്ലാതെ അന്ത്യശ്വാസം വലിക്കുകയാണ്.. അവനിലെ മനുഷ്യത്വം ഉണരേണ്ടതിനു പകരം അവന്റെ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോണാണ് ഉണർന്നത്. പരിതാപകരമെന്ന് പറയട്ടെ അവൻ ആ കാഴ്ച അവന്റെ ക്യാമറയിൽ ഒപ്പിയെടുക്കുമ്പോൾ ആ സ്ക്രീനിൽ അവൻ കാണുന്നത് ജീവനു വേണ്ടി പിടയുന്ന ഒരു മനുഷ്യനെയല്ല മറിച്ച് ഇത് എഫ് ബി യിലിട്ടാൽ കിട്ടുന്ന ലൈക്കുകളും കമന്റുകളുമാണ്. ആയിടക്ക് അവിടേക്ക് വേറൊരു ചെറുപ്പക്കാരൻ വരുന്നത് ശ്രദ്ധയിൽപ്പെട്ട നിയാസ് തന്റെ ഫോൺ മാറ്റി വെച്ച് യുവാവിനോടൊപ്പം സ്ത്രീ കിടക്കുന്ന ഇടത്തേക്ക് നീങ്ങി.. സ്ത്രീയുടെ അടുത്തത്തിയ നിയാസ് പകച്ചു നിന്നു. എന്നിട്ട് നിലവിളിച്ചു
ഉമ്മാ
കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരൻ ഒന്നു ഞെട്ടിയെങ്കിലും സംയമനം പാലിച്ചു കൊണ്ട് നിയാസിനെ ആശ്വസിപ്പിക്കുകയും നിയാസിന്റെ ഉമ്മയെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചു.

ഐ. സി. യു.വിൽ നിന്നിറങ്ങിയ ഡോക്ടറേ നിസ്സഹായതയോടെ നോക്കുന്ന നിയാസിനെ കണ്ടതും ഡോക്ടർ  അടുത്ത് നില്ക്കുന്ന ചെറുപ്പക്കാരനോട് പറഞ്ഞു  
ഒന്നും പറയാറായിട്ടില്ല. We're trying our best !!
 


ഇത് കേട്ടതും നിയാസിന്റെ മനസ്സ് വിങ്ങിപ്പൊട്ടി. നിയാസിന്റെ അവസ്ഥ കണ്ടിട്ട്
ആശുപത്രിയിൽ അവനെ തനിച്ചാക്കാൻ ചെറുപ്പക്കാരന് തോന്നിയില്ല. കുറച്ചു നേരമായി തന്റെ കൂടെയിരിക്കുന്ന ഈ ചെറുപ്പക്കാരൻ ആരാണെന്ന ചിന്ത നിയാസിന്റെ മനസ്സിൽ വന്നു. തീർത്തും അപരിചിതനായ തന്നെ എന്തിനു അവൻ സഹായിക്കണം. പരിചയപ്പെടാമെന്ന് കരുതി പേര് ചോദിച്ചു.
വേണു 
ചെറുപ്പക്കാരൻ മറുപടി കൊടുത്തു.
മുസ്ലിമുമല്ല. എന്തിനാണിവൻ എന്നെ സഹായിക്കുന്നത്.. 
നിയാസിന്റെ മനസ്സ് പിറുപിറുത്തു.
വേണു പൊയ്ക്കോ , ഇവിടെ വരെ എത്തിക്കാൻ സഹായിച്ചല്ലോ. നന്ദിയുണ്ട്. 
നിയാസ് പറഞ്ഞു
അത് സാരില്ല ഞാൻ ഇവിടെ നിന്നോളാം
വേണു മറുപടി നല്​കി..

വേണുവിന്റെ പ്രതികരണം തീരെ ഇഷ്ടപ്പടാത്ത നിയാസ് അവനെ ഒഴിവാക്കാൻ വേണ്ടി ഒരു 200 ന്റെ നോട്ട് എടുത്ത് അവനു നേരെ നീട്ടി.
ചിരിച്ചു കൊണ്ട് വേണു പറഞ്ഞു..
ഭായ്, കാഷിനു വേണ്ടിയല്ല ഞാൻ ഇത് ചെയ്തത്. അപകടത്തിൽ പെട്ട ഒരു മനുഷ്യ ജീവനെ രക്ഷിക്കാൻ പറ്റിയാൽ അതിൽപ്പരം ഒരു സന്തോഷം എനിക്ക് വേറെ കിട്ടാനില്ല. മാത്രമല്ല ഞാൻ ഈ കാഷ് വാങ്ങിയാൽ ദൈവം പോലും എന്നോട് പൊറുക്കില്ല.. 

ഇത് കേട്ട നിയാസ് ഒന്നു ചൂളിപ്പോയി.. എന്നിട്ട് ആ നോട്ട് കൈയ്യിൽ ചുരുട്ടി പൊക്കറ്റിലേക്ക് ഇട്ടു..

വേണു വീണ്ടും തുടർന്നു..
റോഡരികിൽ കിടക്കുന്ന സ്ത്രീയെ സഹായിക്കാനല്ലേ ഭായിയും ശ്രമിച്ചത്. അത് ഭായിയുടെ ഉമ്മയാണെന്ന് പിന്നയല്ലേ അറിഞ്ഞത്. ഭായിയുടെ നല്ല മനസ്സ് ദൈവം കാണാതിരിക്കില്ല.. ഭായിയുടെ ഉമ്മക്ക് ഒന്നും സംഭവിക്കില്ല..

വേണു വന്നില്ലായിരുന്നെങ്കിൽ തന്റെ ഉമ്മ ആരും തിരിഞ്ഞു നോക്കാനില്ലാതെ റോഡിൽ കിടന്ന് തീരുമായിരുന്നു എന്നാലോചിച്ച് നിയാസ് വേണുവിന്റെ കൈ പിടിച്ച് കരഞ്ഞു.. 

ഐ സി യു വിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടർ നിയാസിന്റെ തോളിൽ തട്ടി പറഞ്ഞു..
ഒന്നും പേടിക്കാനില്ല.. she has overcome the critical stage. She'll be perfectly alright..

സന്തോഷം കൊണ്ട് നിയാസ് വേണുവിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു..

വേണു:
എന്താ ഭായ് ഇത്? ഉമ്മക്ക് സുഖായല്ലോ, പിന്നെന്താ..

നിയാസ്:
ഞാൻ.. ഞാൻ..

വാക്കുകൾക്ക് വേണ്ടി നിയാസ് വീർപ്പുമുട്ടി..

വേണു:
ഒന്നും പറയണ്ട ഭായ്. എല്ലാം ശരിയായില്ലേ.. പരസ്പരം സ്നേഹിച്ചു കഴിയുന്ന മനുഷ്യർക്കൊപ്പം ദൈവം എപ്പഴും ഉണ്ടാകും. മനുഷ്യനെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് തന്നെ സ്നേഹവും സമാധാനവും ഭുമിയാകെ വിതറാനാണ്.. ഭൂമിയെ ഒരു ശാന്തിതീരം ആക്കുക എന്നതാണ് മനുഷ്യന്റെ കടമ. എന്നാൽ ഞാൻ ഇറങ്ങട്ടെ ഭായ്..



നിയാസിന് ഹസ്തദാനം നല്കി വേണു മടങ്ങി. എന്നാൽ വേണുവിന്റെ വാക്കുകൾ നിയാസിന്റ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു..

അകത്തുള്ള സ്ത്രീയുടെ കൂടെ വന്നതാരാണ്?
ഒരു കുറിപ്പ് കൊണ്ടു വന്ന നഴ്സ് ചോദിച്ചു..
ഈ ബിൽ അടക്കണം..

കുറിപ്പ് കൗണ്ടറിൽ കൊടുത്ത് റിസീത് വാങ്ങി അതിലേക്ക് നോക്കിയ നിയാസ് ഒരു നിമിഷം പുഞ്ചിരിയോടെ വേണുവിനെ മനസ്സിൽ ഓർത്ത് കൊണ്ട് വായിച്ചു..
ശാന്തിതീരം മെഡിക്കൽ സെന്റർ !!

Subscribe by Email

No Comments