Thursday, May 28, 2020

thumbnail

Omar Abdulrahman


ഈ ഒരു പേര് അധിമാളുകളും കേൾക്കാൻ സാധ്യതയുണ്ടെന്ന് തോന്നുന്നില്ല.. ഞാനും ഇദ്ദേഹത്തെ കുറിച്ചറിഞ്ഞിട്ട് അധികനാളുകളൊന്നും ആയിട്ടുമില്ല.. ബാർസലോണയുമായുള്ള ഒരു സൗഹൃദ മത്സരത്തിൽ എതിർ ടീമിലെ ബോൾ സപ്ലൈ ഒരു ചുരുളൻ മുടിക്കാരന്റെ ദൗത്യമായിരുന്നു.. വളരെ വെടിപ്പായും കൃത്യമായും ഏല്പിച്ച ദൗത്യം പൂർത്തിയാക്കാൻ ഇദ്ദേഹത്തിന് സാധിക്കുന്നു.. ഇങ്ങേരു ആള് കൊള്ളാമല്ലോ എന്ന് തോന്നിപ്പിച്ചതും ആ കൃത്യത തന്നെ.. 

സൗദി അറേബ്യയിൽ ഒരു സാധാരണ കുടുംബത്തിലാണ് ജനനം.. സഹോദരങ്ങളോടൊപ്പം പന്ത് തട്ടി കളിക്കുന്ന പയ്യനെ കണ്ട് ഒരു വഴിപോക്കൻ അത്ഭുതപ്പെട്ടു.. കളിക്കളത്തിനു അടുത്ത് വന്ന അദ്ദേഹം പയ്യനോട് ഏത് ക്ലബിന് വേണ്ടിയാണു കളിക്കുന്നതെന്ന് ആരാഞ്ഞപ്പോൾ പുള്ളിക്കാരൻ കളിയാക്കിയതാണെന്ന് കരുതി ഒരു പുഞ്ചിരി നൽകി സ്ഥലം വിട്ടു.. എന്നാൽ വന്ന ആൾ ചില്ലറക്കാരനല്ലായിരുന്നു.. ക്ലബ്ബുകൾക്ക് വേണ്ടി സ്കൗട്ടിങ് നടത്തുന്നതായിരുന്നു പുള്ളിയുടെ ജോലി..  പയ്യനെ തേടിപ്പിടിച്ചു കുറച്ചു മത്സരങ്ങളിൽ പങ്കാളിയാക്കി.. തുടർന്ന് സൗദിയിലെ ഒരല്പം മുന്തിയ ക്ലബ്ബിൽ തന്നെ കളിക്കാൻ അവസരവും ലഭിച്ചു.. പക്ഷെ അവിടെ ഒരു പ്രതിസന്ധി ഉടലെടുത്തു.. 

സൗദിയിൽ താമസമാക്കിയെങ്കിലും അവിടുത്തെ പൗരത്വം ഇല്ലായിരുന്നു ഈ കുടുംബത്തിന്.. ക്ലബ്ബിൽ അംഗമാവണമെങ്കിൽ പൗരത്വം വേണമെന്ന ഘടകം സംഗതി കുഴപ്പിച്ചു.. ഒമർ എന്ന പയ്യന് മാത്രം പൗരത്വം നൽകാമെന്ന നിർദേശം മുന്നോട്ട് വെച്ചപ്പോൾ അത് കുടുംബക്കാർ സമ്മതിച്ചില്ല.. 




ഇന്നേരമാണ് നമ്മുടെ മലയാളികളുടെ സ്വന്തമായ യു എ ഇ അഥവാ യുണൈറ്റഡ് അറബ് എമിരേറ്റ്സ് രംഗപ്രവേശം ചെയ്യുന്നത്.. അൽ ഐൻ ക്ലബ് യുവതാരങ്ങളെ തേടുന്നുണ്ടായിരുന്നു.. നേരത്തെ പറഞ്ഞ സ്കൗട്ടിന്റെ സുഹൃത്ത് വഴി ഇവർ ഒമറിനെ സമീപിച്ചു.. പൗരത്വത്തിന്റെ കാര്യത്തിൽ ഒമറിന്റെ കുടുംബം മുൻ അഭിപ്രായത്തിൽ വിട്ടുവീഴ്ച ചെയ്യാതിരുന്നിട്ടു കൂടി അൽ ഐൻ ക്ലബ് എല്ലാവരെയും ഏറ്റെടുത്തു.. അങ്ങനെ സൗദിയിൽ ജനിച്ച ഒമർ ഇമറാത്തി പൗരൻ ആയി.. 

ക്ലബ് മത്സരങ്ങളിൽ വളരെ നന്നായി ശോഭിച്ച ഒമർ എന്നാൽ ശ്രദ്ധ പിടിച്ചു പറ്റുന്നത് രാജ്യാന്തര മത്സരവേദികളിലാണ്.. യുറുഗ്വെയുമായുള്ള കളി പരാജയത്തിൽ കലാശിച്ചെങ്കിലും ഒമറിന്റെ പ്രകടനം കണ്ടു വമ്പൻ ക്ലബുകൾ തങ്ങളുടെ ട്രയൽസിനു ക്ഷണിക്കുകയും ചെയ്തു.. അവയിൽ പ്രധാനിയാണ് മാഞ്ചസ്റ്റർ സിറ്റി.. ട്രയൽസിൽ സംതൃപ്തരായി കരാർ ഒപ്പിടാൻ ഒരുങ്ങിയ സിറ്റിയെ പ്രീമിയർ ലീഗിന്റെ ചില നിയമങ്ങൾ തടസ്സം സൃഷ്ടിച്ചു.. പിന്നീട് പോർട്ടുഗൽ, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകളിൽ നിന്ന് വിളികൾ വന്നെങ്കിലും കാര്യമായ പുരോഗതിയൊന്നും ട്രാൻസ്ഫെറിന്റെ കാര്യത്തിൽ ഉണ്ടായില്ല.. 




ഇതിനിടെ ബാർസലോണയുമായുള്ള സൗഹൃദ മത്സരത്തിൽ ഒമറിന്റെ പ്രകടനം സാക്ഷാൽ സാവിയെ വരെ ഒമറിനെ പ്രശംസിച്ചു മൂടാൻ പോന്നതായിരുന്നു.. പിർലോയെ പോലെയുള്ള അളന്നു മുറിച്ച പാസ്സുകളും പിന്നെ ഇബ്രാഹിമോവിച്ചിനെ വെല്ലുന്ന ആത്മവിശ്വാസത്തിൽ എടുത്ത പാനേങ്ക പെനാൽറ്റിയും ഒമറിന്റെ പ്രതിഭ വിളിച്ചോതുന്നത് തന്നെ.. 




എന്നാൽ ഇപ്പോഴും അറേബ്യൻ മണലാരണ്യത്തിലെ ക്ലബ്ബുകളിൽ പന്ത് തട്ടുകയാണ് ഒമർ.. അതിൽ അദ്ദേഹത്തിന് ദുഃഖം ഒട്ടുമില്ല മറിച്ചു സന്തോഷമാണ് താനും.. തന്റെ കഴിവ് പ്രകടിപ്പിക്കാനുള്ള ഒരു വേദി ലഭിക്കുക എന്നതിൽ കവിഞ്ഞതൊന്നും ഈ ചുരുളൻ മുടിക്കാരൻ ആഗ്രഹിക്കുന്നില്ല.. അറേബ്യൻ മെസ്സി എന്ന് ഒരുകാലത്ത് വിളിക്കപ്പെട്ട ഒമറിനെ തേടി നമ്മുടെ ഇന്ത്യയിൽ നിന്ന് വിളി വന്നെന്നാണ് ഏറ്റവും പുതിയ വാർത്ത.. അറബികളുടെ സ്വന്തം അമൂറി ഇനി ഐ എസ് എല്ലിൽ പന്ത് തട്ടുന്നത് കാണാൻ സാധിക്കുമോ?? കാത്തിരിക്കാം !!

Subscribe by Email

2 Comments